എംപോക്‌സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചു

എംപോക്‌സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചു. യു.എ.ഇ.യിൽനിന്ന്‌ ഈയിടെ കേരളത്തിലെത്തിയ മലപ്പുറം സ്വദേശിയായ 38-കാരനിലാണ് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചത് . ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച എംപോക്‌സ് വൈറസിന്റെ വകഭേദമാണ് ക്ലേഡ് 1 ബി. ഇന്ത്യയിൽ കണ്ടെത്തുന്ന എംപോക്‌സ് ക്ലേഡ് 1 ബി വൈറസിന്റെ ആദ്യ വകഭേദമാണ് ഇത്. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ ‍രോ​ഗവ്യാപനത്തിനുപിന്നിൽ. പുതിയ വകഭേദം ദ്രുത​ഗതിയിൽ പടരുന്നതയാണ് റിപ്പോർട്ടുകൾ. സ്വീഡനിലും ഇതേ വകഭേദം തന്നെയാണ് വ്യാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. 2022-ലെ രോ​ഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളിൽ നിന്നായി 100,000 പേരെയാണ് രോ​ഗംബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയിൽ ഇരുപത്തിയേഴുപേർ രോ​ഗബാധിതരാവുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് clade Ib-ക്ക് ഉള്ളതെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകി. മുമ്പത്തെ എംപോക്സ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇപ്പോൾ പ്രത്യക്ഷമാകുന്ന ലക്ഷണങ്ങൾ. നേരത്തേ നെഞ്ചിലും കൈകാലുകളിലും കുമിളകളായിരുന്നു പ്രധാനലക്ഷണമെങ്കിൽ ഇപ്പോഴത്തേത് നേരിയതോതിൽ ജനനേന്ദ്രിയ ഭാ​ഗത്ത് കുമിളകൾ വരുന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ രോ​ഗം തിരിച്ചറിയാൻ വൈകുന്നുവെന്നും വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.