ഇന്ത്യൻ നിർമ്മിത ഉപ്പുകളിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനം. വിപണിയിൽ ലഭ്യമായ പത്ത് തരം ഉപ്പും അഞ്ചുതരം പഞ്ചസാരയുമാണ് പഠന വിധേയമാക്കിയത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ‘മൈക്രോപ്ലാസ്റ്റിക് ഇൻ സോൾട്ട് ആൻഡ് ഷുഗർ’ എന്ന പഠന റിപ്പോർട്ടിലാണ് അപകടകരമായ വിഷയം അവതരിപ്പിക്കുന്നത്. ടോക്സിക്സ് ലിങ്ക് എന്ന പരിസ്ഥിതി ഗവേഷണ സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ടേബിൾ സോൾട്ട്, റോക്ക് സോൾട്ട്, കടലുപ്പ്, എന്നിങ്ങനെ പത്ത് തരം ഉപ്പുകളാണ് പഠന വിധേയമാക്കിയത്. അയഡിൻ ചേർത്ത ഉപ്പിലാണ് ഏറ്റവുമധികം മൈക്രോപ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയത്. ഒരു കിലോ അയഡൈസ്ഡ് ഉപ്പിൽ തൊണ്ണൂറോളം മൈക്രോപ്ലാസ്റ്റിക് തരികളാണ് കണ്ടെത്തിയത്. എന്നാൽ ഏറ്റവും കുറവ് മൈക്രോപ്ലാസ്റ്റിക്ക് കണ്ടെത്തിയത് റോക്ക് സോൾട്ടിലാണ്. ഒരു കിലോ റോക്ക് സോൾട്ടിൽ 6.70 തരികൾ മാത്രമാണ് കണ്ടെത്തിയത്. വിപണിയിൽനിന്ന് നേരിട്ട് വാങ്ങിയതും ഓൺലൈനായി വാങ്ങിയതുമായ അഞ്ച് തരം പഞ്ചസാരകളും ഗവേഷകർ പരിശോധിച്ചു. ഒരു കിലോ പഞ്ചസാരയിൽ 11.85 മുതൽ 68.25 മൈക്രേപ്ലാസ്റ്റിക് വരെ കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. നോൺ ഓർഗാനിക് പഞ്ചസാരയിൽ നിന്നാണ് ഏറ്റവും അധികം മൈക്രോപ്ലാസ്റ്റിക് തരികൾ കണ്ടെത്തിയത്. മൈക്രോപ്ലാസ്റ്റിക്‌സിന്റെ ഉപയോഗത്തെ തുടർന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അടിയന്തരവും സമഗ്രവുമായ ഗവേഷണം ആവശ്യമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.