കഞ്ചാവ്, ഭാംഗ് തുടങ്ങിയ മയക്കുമരുന്നുകൾ ചേർത്ത ആയുഷ് മരുന്നുകളുടെ കാര്യത്തിൽ കടുത്ത മുന്നറിയിപ്പ്. പരമ്പരാഗത വൈദ്യസ്ഥാപനങ്ങളെയും പ്രാക്ടീസ് ചെയ്യുന്നവരെയും നിയന്ത്രിക്കുന്ന നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആയുർവേദം, യുനാനി, സിദ്ധ, സൗ-റിഗ്പ തുടങ്ങിയ ശാഖകളിലാണ് ഇത്തരം മരുന്നുകളുടെ ദുരുപയോഗം കൂടുതൽ കണ്ടെത്തിയിരിക്കുന്നത്. അലോപ്പതി മരുന്നുകളിലടക്കം മയക്കുമരുന്ന് ചേരുവകൾ ഉപയോഗിക്കുന്നുണ്ട്. ആയുർവേദത്തിലെ ചില മരുന്നുകളിലും ഇവ ചേർക്കാമെന്ന് ശാസ്ത്രം പറയുന്നു. എന്നാലിതൊക്കെയും പ്രമാണഗ്രന്ഥങ്ങൾ അനുശാസിക്കുന്ന വിധത്തിൽമാത്രമേ ഇത്തരം മയക്കുമരുന്നുകൾ ഉപയോഗിക്കാവു. പാലുപയോഗിച്ച് ശുദ്ധീകരിച്ചിട്ടാണ് കഞ്ചാവ് ആയുർവേദമരുന്നുകളിൽ ചേർക്കുന്നത്. മയക്കുമരുന്ന് ചേർക്കുന്ന ആയുഷ് മരുന്നുകളുണ്ടാക്കുമ്പോൾ നിയമപരമായ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത്തരം മരുന്നുകളുപയോഗിച്ചുള്ള ചികിത്സ നടത്തുമെന്ന പ്രചാരണം നടത്തുന്നത് ഉടനടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.