വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് മുതിർന്ന ബിജെപി നേതാവ് LK അദ്വാനിയെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഡൽഹി എയിംസിലെ ജെറിയാട്രിക് വിഭാഗത്തിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് 96 കാരനായ നേതാവ്. ആരോഗ്യനില തൃപ്തികരമാണെന്നും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ന്യൂറോളജിസ്റ്റ് ഡോ. വിനീത് സൂരിയുടെ നിരീക്ഷണത്തിലാണ് അദേഹം. ജൂലൈ ആദ്യ ആഴ്ചയും അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.