തിരുവനന്തപുരം കാട്ടാക്കടയിൽ ഏഴുവയസുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്നു സംശയം. മൈലാടി സ്വദേശികളായ ഗിരീഷ്-നീതു ദമ്പതികളുടെ മകൻ ആദിത്യനാഥ് ആണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിനിടെ ഈ മാസം 17-ന് ആദിത്യനാഥ് വിളപ്പിൽശാലയിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. തുടർന്ന് സുഖമില്ലാതായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം വീടിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് എസ്‌ഐടി ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് കുട്ടി മരിച്ചത്. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതെന്നാണ് വീട്ടുകാർ പറയുന്നത്. വയറുവേദനയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കുട്ടിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.