ഉറക്കമില്ലായ്മ, നിരന്തരമുള്ള യാത്രകൾ എന്നിവയാണ് തനിക്കുണ്ടായ മിനി ഹാർട്ട് അറ്റാക്കിന് പിന്നിലെന്ന് തുറന്നു പറഞ്ഞു പാക്ഗായിക ഐമ ബെയ്ഗ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഐമ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. അവനവനെ പരിപാലിക്കാൻ മറന്നുപോകരുതെന്നും ഐമ കുറിച്ചു. രണ്ടുമൂന്ന് ആഴ്ചകൾക്ക് മുമ്പാണ് മിനി ഹാർട്ട് അറ്റാക്ക് ഉണ്ടായതെന്നും സ്വന്തം ആരോഗ്യത്തെ അവഗണിച്ചതാണ് പ്രശ്നമായതെന്നും ഐമ പറയുന്നു. ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് വിശ്രമമില്ലാതെയുള്ള ഓട്ടം, ഉറക്കക്കുറവ്, ഭക്ഷണം വേണ്ടരീതിയിൽ കഴിക്കാതിരുന്നത്, ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നതൊക്കെയാണ് തന്നെ ഈ അവസ്ഥയിലേക്ക് നയിച്ചത്. നമ്മളെല്ലാം മനുഷ്യരാണെന്നും റോബോട്ടുകൾ അല്ലെന്നുമുള്ള കാര്യം താൻ മറന്നു. എല്ലാവരും അവനവന്റെ കാര്യങ്ങളിൽ കരുതലെടുക്കണമെന്നും ഐമ കുറിച്ചു. തന്റെ രക്തസമ്മർദം 88-ൽ നിന്ന് 200-ലേക്ക് എത്തിയിരുന്നു. അത് തീർത്തും അടിയന്തര സാഹചര്യം തന്നെയായിരുന്നു. കഠിനാധ്വാനം ചെയ്തോളൂ, എന്നാൽ ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും ഐമ എടുത്തു പറയുന്നു.