ഗ്രേവ്സ് രോഗം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ഹോളിവുഡ് താരം ഡെയ്സി റിഡ്ലി. തൈറോയ്ഡിനെ ബാധിക്കുന്ന ഓട്ടോഇമ്മ്യൂൺ ഡിസീസായ ഗ്രേവ്സ് രോഗം ബാധിച്ചതിനേക്കുറിച്ചാണ് മുപ്പത്തിരണ്ടുകാരിയായ റിഡ്ലി തുറന്നുപറഞ്ഞത്. 2023-ൽ മാഗ്പി എന്ന സൈക്കോളജിക്കൽ സിനിമ ചെയ്തതിനുപിന്നാലെ തനിക്ക് കടുത്ത ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു എന്ന് ഡെയ്സി പറയുന്നു. ഹൃദയമിടിപ്പ് കൂടുക, ഭാരം കുറയുക, അമിതക്ഷീണം, കൈകൾ വിറയ്ക്കുക തുടങ്ങിയവയായിരുന്നു പ്രധാന ലക്ഷണങ്ങൾ. എന്നാൽ സിനിമയിലെ കഥാപാത്രത്തിനുവേണ്ടിയുള്ള കഠിനാധ്വാനത്തിന്റെ ഭാഗമാകാം എന്നുകരുതി ലക്ഷണങ്ങൾ കാര്യമാക്കിയില്ല. പിന്നീട് ആശുപത്രിയിലെത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചതെന്നും ഡെയ്സി പറയുന്നു. ലക്ഷണങ്ങളെ നിസ്സാരമാക്കാതെ ഉടനടി ചികിത്സ തേടേണ്ടത് പ്രധാനമാണെന്നും ഡെയ്സി പറയുന്നു. പ്രത്യേകിച്ച് സ്ത്രീകൾ രോഗം സ്ഥിരീകരിക്കപ്പെടാൻ വൈകുന്നവരാണ്. രോഗം സ്ഥിരീകരിച്ചതിനുപിന്നാലെ ഡയറ്റിൽ നിന്ന് ഗ്ലൂട്ടൻ അടങ്ങിയവ കുറയ്ക്കുകയും ജീവിതരീതിയിൽ മറ്റ് മാറ്റങ്ങൾ വരുത്തുകയും ചെയ്തുവെന്നും ഡെയ്സി പറയുന്നുണ്ട്. തൈറോയ്ഡ് ഹോര്‍മോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതിനും തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കത്തിനും വഴിവെക്കുന്ന രോഗാവസ്ഥയാണ് ഗ്രേവ്സ് രോഗം.