കോവിഡ് പോലെയല്ല എംപോക്സ് എന്നു വ്യക്തമാക്കി ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടറായ ഹാൻസ് ക്ലൂഗ്. എംപോക്സിന്റെ പഴയതോ, പുതിയതോ ആയ വകഭേദമാവട്ടെ, അവ കോവിഡുമായി താരതമ്യപ്പെടുത്താവുന്നതല്ല. കാരണം എംപോക്സിന്റെ വ്യാപനം നിയന്ത്രണവിധേയമാണ്. എംപോക്സ് വ്യാപനം തടയാനുള്ള നടപടികളേക്കുറിച്ച് അധികൃതർക്ക് അറിവുണ്ട്. നമുക്ക് തീർച്ചയായും എംപോക്സിനെ ഒറ്റക്കെട്ടായി മറികടക്കണമെന്നും ഹാൻസ് കൂട്ടിച്ചേർത്തു. എംപോക്സിന്റെ clade Ib വകഭേദത്തെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തുന്നതെന്നും താരതമ്യേന ഗുരുതരമല്ലാത്ത clade IIb വകഭേദത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. യൂറോപ്പിലെ വിവിധ ഭാഗങ്ങളിൽ ഓരോമാസവും clade IIb വകഭേദത്തിന്റെ നൂറോളം വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.