ഭക്ഷ്യവിഷബാധ, ഒരു കുടുംബത്തിലെ അഞ്ചുപേരെ ഛർദിയും വയറിളക്കവുമായി നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിലെ ഹോട്ടലിൽനിന്നു വാങ്ങിയ പൊരിച്ച കോഴിയിറച്ചി കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരെ ഛർദിയും വയറിളക്കവുമായി നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട കഞ്ചിയൂർക്കോണം സ്വദേശികളായ അനി, ഭാര്യ അജിത, അനിയുടെ സഹോദരി ശാലിനി, ശാലിനിയുടെ മക്കളായ ശാലു, വർഷ എന്നിവരാണ് ചികിത്സയിലുള്ളത്. ഹോട്ടലിൽ നിന്നു വാങ്ങിയ ഇറച്ചി കഴിച്ച ശേഷമാണ് ഇവർക്ക് അസ്വസ്ഥതയുണ്ടായത്. പിന്നാലെ ഇറച്ചി പരിശോധിച്ചപ്പോൾ അതിൽ ചത്ത പുഴുക്കളെ കണ്ടെത്തിയതായും പറയുന്നു. തുടർന്ന് കാട്ടാക്കട ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെനിന്നാണ് നെയ്യാറ്റിൻകര ആശുപത്രിയിലേക്കു മാറ്റിയത്. കുടുംബം കാട്ടാക്കട പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചതായി പോലീസ് വ്യക്തമാക്കി.