വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുകയാണ് കാൻസറിനോട് പൊരുതിക്കൊണ്ടിരിക്കുന്ന ബോളിവുഡ് നടി ഹിനാ ഖാൻ. രോഗങ്ങളിലൂടെ കടന്നുപോകുന്നവരാണെങ്കിൽ വ്യായാമം കൂടുതൽ ഫലപ്രദവും അനിവാര്യവുമാണ്. ദിവസവും വർക്കൗട്ട് ചെയ്യുന്നത് ശരീരത്തിന് മാത്രമല്ല മനസ്സിനും കരുത്ത് പകരും. ആരോഗ്യകരമായ മനസ്സുണ്ടാവുക എന്നതും പ്രധാനമാണെന്നും ഹിന പറയുന്നു. കീമോതെറാപ്പിക്കിടയിൽ താൻ കടുത്ത ന്യൂറോപതിക് വേദനയിലൂടെ കടന്നുപോവുകയുണ്ടായെന്നും കാലുകളും കാൽപാദങ്ങളും മിക്കസമയത്തും തരിച്ച അവസ്ഥയിലായിരുന്നുവെന്നും ഹിന പറയുന്നു. ചിലപ്പോഴൊക്കെ വർക്കൗട്ട് ചെയ്യുമ്പോൾ കാലുകളുടെ നിയന്ത്രണം നഷ്ടമാവുകയും കാലുകൾ തരിച്ച് വീണുപോവുകയും ചെയ്യും. എന്നാൽ തളർന്ന പോകുന്നു എന്ന് തോന്നുമ്പോൾ വീണ്ടും താൻ കഠിനമായി ശ്രമിക്കും. കാരണം തന്റെ ശക്തിയും ഇച്ഛാശക്തിയും ആത്മധൈര്യവുമല്ലാതെ മറ്റൊന്നും തനിക്കില്ലെന്നും ഹിന പറയുന്നു.