തിരുവനന്തപുരത്തെ അമീബ ബാധയുള്ള കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവർക്കിടയിലാണ് അമീബിക് മസ്തിഷ്കജ്വരം പടർന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ലഹരിപദാർഥവും മറ്റും വെള്ളത്തിൽ കലർത്തി മൂക്കിലൂടെ ശ്വസിക്കുന്ന ശീലമുള്ളവരെ നിരീക്ഷിച്ചാണ് ഈ നിലപാടിലെത്തിയത്. നെയ്യാറ്റിൻകര കണ്ണറവിള ഭാഗത്താണ് രോഗം പടരുന്നത്. കാവിൻകുളത്തിലെ വെള്ളത്തിൽ ലഹരിചേർത്ത് പപ്പായത്തണ്ടുപയോഗിച്ച് മൂക്കിലൂടെ വലിച്ചതായാണ് ആരോഗ്യവിഭാഗം വെളിപ്പെടുത്തുന്നത്. ഈ ശീലമുള്ളവരെ നിരീക്ഷിച്ചാണ് രോഗലക്ഷണമുള്ളവരെ കണ്ടെത്തിയതെന്ന് കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തിൽ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇവർക്ക് തലവേദന, കഴുത്തിനുപിന്നിൽ വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായപ്പോൾ നട്ടെല്ലിലെ സ്രവ സാംപിളുകൾ പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, പേരൂർക്കട സ്വദേശിക്ക് എവിടെനിന്നാണ് രോഗബാധയുണ്ടായതെന്നു കണ്ടെത്താനായിട്ടില്ല. നിലവിൽ രോഗം സ്ഥിരീകരിച്ച് ആറുപേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. തുടർ പരിശോധനക്കായി ആരോഗ്യവകുപ്പ് അധികൃതർ ശ്രമിച്ചെങ്കിലും നിരീക്ഷണത്തിലുള്ളവർ സഹകരിക്കുന്നില്ല. നെയ്യാറ്റിൻകരയിലെ കാവിൻകുളം ക്ലോറിനേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ആരോഗ്യവിഭാഗം. കുളത്തിലെ വെള്ളത്തിന്റെ സാംപിളുകൾ തുടർച്ചയായി പരിശോധിക്കുന്നുണ്ട്. മലിനജലം ഉപയോഗിച്ച് പൊടിയോ പുകയിലയോ ശ്വസിച്ചവരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.