തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ മുറിവിൽ ഗ്ലൗസ് തുന്നിച്ചേർത്തെന്ന് രോഗിയുടെ പരാതി. മുതുകിലെ മുഴ നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം മുറിവിൽ ഗ്ലൗസ് ചേർത്തുവച്ച് തുന്നിയെന്നാണ് ആരോപണം. സംഭവത്തിൽ, രോഗി പോലീസിൽ പരാതി നൽകി. വേദനയും പഴുപ്പും അസഹ്യമായതോടെ പരിശോധിച്ചപ്പോഴാണ് ഗ്ലൗസ് ശരീരത്തിന് അകത്തുവെച്ച് തുന്നിയത് ശ്രദ്ധയിൽപ്പെട്ടതെന്നാണ് ഇദ്ദേഹം പറയുന്നത്. ജനറൽ ആശുപത്രിയിലെ പ്രധാന ഡോക്ടറാണ് ശസ്ത്രക്രിയ ചെയ്തതെന്നും രോഗി പറയുന്നു. അതേസമയം, സംഭവത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും മുറിവിലുള്ളത് ഗ്ലൗസിന്റെ ഭാഗംതന്നെയാണെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ശസ്ത്രക്രിയക്ക് ശേഷം പഴുപ്പ് പുറത്തുപോകണമെങ്കിൽ ഡ്രെയിൻ എന്ന വസ്തുവാണ് ഉപയോഗിക്കാറ്. എന്നാൽ, അതിന് 800 മുതൽ 1000 രൂപവരെ വിലവരും. രോഗി ഇത് വാങ്ങിത്തന്നിരുന്നെങ്കിൽ അത് വെക്കുമായിരുന്നു. അത് ഇല്ലാത്തതുകൊണ്ട് ഗ്ലൗസിന്റെ അറ്റം മുറിച്ചാണ് വെച്ചത്. ഇക്കാര്യം അന്നുതന്നെ രോഗിയോട് കൃത്യമായി പറഞ്ഞിരുന്നു. ഗ്ലൗസാണ് ഉപയോഗിച്ചതെന്ന് ആശുപത്രി രേഖകളിലും ഉണ്ട്. സാധാരണ ചെയ്യാറുള്ള കാര്യം മാത്രമാണിത്. പരാതിയുമായി രംഗത്തുവന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നും സൂപ്രണ്ട് പ്രതികരിച്ചു.