ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന മലപ്പുറം പോത്തുകല്ല് അപ്പൻ കാപ്പ് നഗർ ആദിവാസി മേഖലയിലെ ഏഴു വയസുകാരിക്ക് ഹൃദ്യം പദ്ധതി വഴി അടിയന്തര ചികിത്സ ഒരുക്കി ആരോഗ്യവകുപ്പ്. മുണ്ടേരി സർക്കാർ സ്‌കൂളിലെ താത്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക് രണ്ടാഴ്ച മുമ്പ് മാറ്റി പാർപ്പിച്ച കുട്ടിക്ക് ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര ശസ്ത്രകിയാ സംവിധാനമൊരുക്കിയത്. സർക്കാരിന്റെ ഹൃദ്യം പദ്ധതി വഴി തികച്ചും സൗജന്യമായാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയ ഹൃദ്യം ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.