ദന്ത പരിശോധനയുടെ അഭാവം മൂലം ഇന്ത്യയിൽ വായിലെ അർബുദ കേസുകളുടെ എണ്ണം ഉയരുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

ദന്ത പരിശോധനയുടെ അഭാവം മൂലം ഇന്ത്യയിൽ വായിലെ അർബുദ കേസുകളുടെ എണ്ണം ഉയരുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. whoയുടെ കണക്ക് പ്രകാരം 2020ൽ പുതുതായി 3.5 ലക്ഷം പേർക്ക്‌ വായിലെ അർബുദം ഉണ്ടാകുകയും 1.7 ലക്ഷം പേർ ഇത്‌ മൂലം മരണപ്പെടുകയും ചെയ്യിതിരുന്നു. ലോകത്തിലെ ആകെ ഓറൽ കാൻസർ കേസുകളുടെ മൂന്നിലൊന്നും ഇന്ത്യയിലെ പുരുഷന്മാരിലാണ്‌ സംഭവിക്കുന്നതെന്നും who വ്യക്തമാക്കുന്നു. കൂടാതെ പുകവലി, മദ്യപാനം, എച്ച്‌പിവി വൈറസ്‌, പോഷണക്കുറവ്‌ എന്നിവയാണ്‌ ഇന്ത്യയിലെ പുരുഷന്മാരിൽ ഓറൽ കാൻസർ നിരക്ക്‌ ഉയരാനുള്ള മറ്റ്‌ സാധ്യതകൾ. ചൈന കഴിഞ്ഞാൽ പുകയില ഉപയോഗത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ്‌ ഇന്ത്യ. മുൻപ്‌ യുവാക്കളിൽ 40കളിൽ ബാധിച്ചിരുന്ന ഓറൽ കാൻസർ ഇന്ന് 20കളിലും 30കളിലുമുള്ള യുവാക്കളിലും വരുന്ന സാഹചര്യമാണ്. ഗുട്‌ക, ഖൈനി, വെറ്റിലപാക്ക്‌, സർദ, ബീഡി, സിഗരറ്റ്‌, ഹുക്ക എന്നിങ്ങനെ പുകയിലയുടെ പല വകഭേദങ്ങൾ 80 ശതമാനം ഓറൽ കാൻസർ കേസുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യക്കാരിൽ 20 മുതൽ 30 ശതമാനം പേർ മാത്രമാണ്‌ വർഷത്തിൽ ഒരിക്കലെങ്കിലും ദന്താരോഗ്യ വിദഗ്‌ധനെ കാണാൻ പോകാറുള്ളതെന്നും പഠനങ്ങൾ വ്യക്തമാക്കി. എന്നാൽ മറ്റ്‌ ആരോഗ്യ പരിശോധനകൾ പോലെ ഇടയ്‌ക്കിടെ ദന്തരോഗ പരിശോധന നടത്തുകയും, രോഗങ്ങളില്ലെന്ന്‌ ഉറപ്പുവരുത്തുന്നത് ദീർഘകാല ആരോഗ്യത്തിനും ക്ഷേമത്തിനും അത്യാവശ്യമാണെന്ന് who കൂട്ടിച്ചേർക്കുന്നു.