രാജ്യത്ത് വൃക്കസംബന്ധമായ രോഗങ്ങള്‍ നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാശരിയിലും അധികമെന്ന് പഠന റിപ്പോര്‍ട്ട്. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഡല്‍ഹിയിലെ ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ഇന്ത്യ, മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ആഗോളതലത്തില്‍ 18 വയസ്സില്‍ത്താഴെയുള്ളവരില്‍ വൃക്ക സംബന്ധമായ രോഗങ്ങളുള്ളവര്‍ രണ്ട് ശതമാനമാണ്. ഇന്ത്യയില്‍ 5-19 പ്രായപരിധിയിലുള്ള കുട്ടികളും കൗമാരക്കാരുമായ ജനസംഖ്യയുടെ 4.9 ശതമാനവും ഗുരുതര വൃക്കരോഗം നേരിടുന്നതായി പഠനം മുന്നറിയിപ്പ് നല്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കുട്ടികളിലും കൗമാരക്കാരിലും കൂടുതല്‍ വൃക്കരോഗങ്ങള്‍. എന്നാല്‍ കേരളത്തില്‍ അസാധാരണ പ്രശ്നങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആന്ധ്രാപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങള്‍ പട്ടികയില്‍ ഏറെ മുന്നിലാണ്.