ആരോഗ്യപ്രവർത്തകരെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി കർണാടക സർക്കാർ. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്റ്റീഷനേഴ്സ്, നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച ബിൽ സർക്കാർ അവതരിപ്പിച്ചു. നേരിട്ടോ അല്ലാതെയോ ,സാമൂഹികമാധ്യമത്തിലൂടെയോ അധിക്ഷേപിക്കുന്നതോ, ഔദ്യോഗികവേളയിൽ വീഡിയോ-ഓഡിയോ റെക്കോർഡിങ് ചെയ്യുന്നതോ കുറ്റകരമാവും. വാക്കുകളിലൂടെയോ, പ്രവർത്തിയിലൂടെയോ അപഹസിക്കുക, താഴ്ത്തിക്കെട്ടുക, ശല്യപ്പെടുത്തുക, ഉപദ്രവിക്കുക, അധിക്ഷേപിക്കുക തുടങ്ങിയവയൊക്കെ ബില്ലിന്റെ പരിധിയിൽ പെടും. കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്ക് മൂന്നുമാസത്തെ തടവുശിക്ഷയോ പതിനായിരം രൂപവരെ പിഴയോ ലഭിക്കാമെന്നും ബില്ലിൽ പറയുന്നു.