കുഷ്ഠരോഗ നിരീക്ഷണത്തിലിരുന്ന അതിഥിത്തൊഴിലാളിയും കുടുംബവും ആരോഗ്യ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു

കൊച്ചി അരൂരിൽ കുഷ്ഠരോഗ നിരീക്ഷണത്തിലിരുന്ന അതിഥിത്തൊഴിലാളിയും കുടുംബവും ആരോഗ്യ പ്രവർത്തകരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു. അതിഥിത്തൊഴിലാളിയുടെ നാലു കുട്ടികളിൽ മൂന്നുപേർക്ക് രോഗബാധയുടെ ലക്ഷണങ്ങളുണ്ടെന്നും സാംപിൾ പരിശോധിക്കണമെന്നും ആരോഗ്യപ്രവർത്തകർ ജില്ലാ അധികൃതരെ ഒരാഴ്ച മുൻപ് അറിയിച്ചിരുന്നു. പഞ്ചായത്ത് അധികൃതരും മറ്റും ഇടപെട്ട് ഇവരെ വെള്ളിയാഴ്ച രാവിലെ ആംബുലൻസിൽ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്താൻ തീരുമാനിച്ചിരുന്നു. ഈ വിവരമറിഞ്ഞതോടെയാണ് ഇവർ കടന്നു കളഞ്ഞത്. സംഭവത്തിൽ ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ കൃത്യസമയത്ത് പരിശോധന നടത്താതിരുന്നതാണ് രോഗി നിരീക്ഷണത്തിൽ നിന്ന് മുങ്ങാൻ കാരണമെന്ന് ആരോപണമുണ്ട്. ആരോഗ്യപ്രവർത്തകർ സാധാരണയുള്ള പരിശോധന നടത്തിയപ്പോഴാണ് കുഷ്ഠരോഗിയായ അതിഥിത്തൊഴിലാളിയെ കണ്ടെത്തിയത്. വിവരം തിരക്കിയപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നുള്ള മരുന്ന് കഴിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. അംഗവൈകല്യം വരെ സംഭവിക്കാവുന്ന മൾട്ടിബാസിലറി ലെപ്രസിയാണ് പിടിപെട്ടതെന്ന് ആരോഗ്യപ്രവർത്തകർ കണ്ടെത്തി. കുട്ടികൾ സ്‌കൂളിൽ പോയിട്ടുള്ളതിനാൽ സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്. കുഷ്ഠരോഗിയും കുടുംബവും കടന്നു കളഞ്ഞ സംഭവത്തിൽ ആരോഗ്യപ്രവർത്തകർ അരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.