വ്യത്യസ്ത പ്രദേശങ്ങളും ജനിതക ഘടകങ്ങളും പലതരം രോഗാവസ്ഥകളും, പക്ഷാഘാത സാധ്യതയും കൂട്ടുമെന്ന് പഠനം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് പഠനത്തിന് പിന്നിൽ. വ്യത്യസ്ത പ്രാദേശിക-ജന വിഭാഗങ്ങളിൽ പക്ഷാഘാതത്തിന് കാരണമാകുന്ന ഘടകങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നതായി പഠനത്തിൽ പറയുന്നു. ആന്തരിക രാസമാറ്റങ്ങളാണ് അമേരിക്കയിലും യൂറോപ്പിലും പക്ഷാഘാത സാധ്യത ഉയർത്തുന്നതിന് കാരണം. അതേസമയം ഏഷ്യൻ, ആഫ്രിക്കൻ പ്രദേശങ്ങളിൽ മനുഷ്യരിലെ രക്തധമനികളിലെ വ്യതിയാനങ്ങളാണ് പക്ഷാഘാതത്തിനുള്ള സാധ്യത കൂട്ടുന്നത്. ബയോമെഡിക്കൽ പ്രസിദ്ധീകരണമായ ഇലൈഫിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 204 രാജ്യങ്ങളെ ഉൾപ്പെടുത്തി ആഗോളതലത്തിൽ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പഠനങ്ങളിൽ ഒന്നാണിത്. പക്ഷാഘാതത്തെ തടയുന്നതിനും രോഗചികിത്സയും മുൻകരുതലുകളും കാര്യക്ഷമമാക്കുന്നതിലും വലിയ സംഭാവന നൽകുന്ന സുപ്രധാന പഠനമാണിതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.