വൈറൽ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരേ രൂക്ഷവിമർശനവുമായി ഡോ. സിറിയക് എബി ഫിലിപ്സ് രംഗത്തെത്തിയിരുന്നു. ലിവർ ഡോക്ടർ എന്നപേരിൽ പ്രശസ്തനായ ഇദ്ദേഹം ട്വിറ്ററിലൂടെ അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സാമന്ത പ്രോത്സാഹിപ്പിക്കുന്നത് എന്നു പറഞ്ഞാണ് കുറിപ്പിട്ടത്. എന്നാൽ ഡോക്ടറുടെ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാമന്ത ഇപ്പോൾ. തനിക്ക് ഫലംകണ്ട ചികിത്സാരീതിയാണ് പങ്കുവെച്ചതെന്നും ഡോക്ടറുടെ വാക്കുകൾ കടുത്തുപോയി എന്നും സാമന്ത കുറിച്ചു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി വ്യത്യസ്ത മരുന്നുകൾ സ്വീകരിക്കേണ്ടി വന്നിരുന്നുവെന്നും, നിർദേശിച്ചിരുന്ന എല്ലാ കാര്യങ്ങളും പിൻ തുടർന്നിരുന്നു എന്നു പറഞ്ഞാണ് സാമന്ത കുറിപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ കാണുകയും പഠിക്കുകയും ചെയ്ത കാര്യങ്ങൾ നല്ല ഉദ്ദേശത്തോടെ മാത്രമാണ് നിർദേശിച്ചത്. ഈ ചികിത്സാരീതി തനിക്ക് നിർദേശിച്ചത് എം.ഡി.യെടുത്ത 25 വർഷത്തോളം ഡി.ആർ.ഡി.ഒ.യിൽ സേവനം അനുഷ്ഠിച്ച ഉയർന്ന വിദ്യാഭ്യാസമുള്ള ഡോക്ടർ തന്നെയാണ് എന്നും സമാന്ത കുറിച്ചു.