നോൺസ്റ്റിക് പാത്രങ്ങൾ നൽകുന്ന ആരോഗ്യപ്രശ്നങ്ങൾ അത്ര നിസാരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം മാത്രം നോൺസ്റ്റിക് ഉപയോഗത്തിലൂടെ 250ലേറെ അമേരിക്കക്കാരാണ് ടെഫ്ളോൺ പനി ബാധിച്ച് ചികിൽസ തേടിയത്. നോൺസ്റ്റിക് പാത്രങ്ങൾ അമിതമായി ചൂടാകുമ്പോൾ അവയിൽ നിന്നും വിഷവാതകം പുറത്തേക്ക് വരും. ഇതിന് പുറമെ പാനുകളിലെ പോറലുകളിലൂടെയും ടെഫ്ളോൺ പുറത്ത് വരും. ഇങ്ങനെ പുറത്തുവരുന്ന ടെഫ്ളോൺ ശ്വസിക്കുന്നതിലൂടെയാണ് പനിപിടിപെടുന്നതെന്നാണ് വിധഗ്തതരുടെ അഭിപ്രായം. നോൺസ്റ്റിക് പാൻ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ ശ്വാസകോശത്തിന് സാരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും ഗവേഷകർ പറയുന്നു. നോൺസ്റ്റിക് പാത്രങ്ങൾ 260 ഡിഗ്രി സെൽസ്യസ് ചൂടാകുമ്പോൾ കോട്ടിങ് ഇളകുന്നു. ഇത് ഓക്സിഡൈസ്ഡും ഫ്ലൂറിനേറ്റഡുമായ പദാർഥങ്ങൾ വായുവിൽ കലരാൻ ഇടയാക്കുന്നു. ഈ വിഷപദാർഥങ്ങൾ നിറഞ്ഞ വായു ശ്വസിക്കുന്നവരിലാണ് ശാരീരിക അസ്വസ്ഥതകളും ടെഫ്ളോൺ പനിയും പ്രത്യക്ഷപ്പെട്ടത്. പനി, വിറയൽ, ക്ഷീണം, തലവേദന, നെഞ്ചിൽ ഭാരം തോന്നിക്കുക, ഛർദി, സന്ധിവേദനയും പേശി വേദനയും , കഫക്കെട്ട്, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, തൊണ്ടവീക്കം എന്നിവയാണ് ടെഫ്ളോൺ പനി ബാധിച്ചവരിലുണ്ടാകുന്ന ലക്ഷണങ്ങൾ.