അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുത്തതായി റിപ്പോർട്ട്. കേസ് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചതോടെ കൊച്ചിയിലെ എൻഐഎ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. നിലവിൽ ആലുവ റൂറൽ പൊലീസിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. കേസിൽ ഇതുവരെ 3 പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ഒന്നാം പ്രതി ഇറാനിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിനെ നാട്ടിലെത്തിക്കാനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് എൻഐഎ കേസ് ഏറ്റെടുത്തിരിക്കുന്നത്. തൃശൂർ സ്വദേശി സാബിത് നാസറാണ് കേസിൽ ആദ്യം പിടിയിലാകുന്നത്. മുംബൈയിൽ അറസ്റ്റിലായ മനുഷ്യക്കടത്തുകാരനിൽ നിന്നാണ് സാബിത്തിനെ കുറിച്ച് അന്വേഷണ ഏജൻസികൾക്ക് ആദ്യം വിവരം കിട്ടുന്നത്. വൃക്ക നൽകാൻ തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി.