ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി പാലക്കാട് ജില്ല ആശുപത്രി സൂപ്രണ്ട്

ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ പ്രതികരണവുമായി പാലക്കാട് ജില്ല ആശുപത്രി സൂപ്രണ്ട്. രക്തസാമ്പിളുകളിൽ വിഷത്തിൻ്റെ അംശം കണ്ടെത്തിയിട്ടില്ലെന്ന് സൂപ്രണ്ട് വ്യക്തമാക്കി. ഇന്ന് വീണ്ടും രക്തം പരിശോധിക്കും. യുവതി നിരീക്ഷണത്തിൽ തുടരുകയാണ്. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു. യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോ​ഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെജെ റീന വെളിപ്പെടുത്തിയിരുന്നു. വിശദമായ പരിശോധനയിൽ പാമ്പുകടി ഏറ്റില്ലെന്നു ബോധ്യമായതായും പാമ്പ് കടിയേറ്റ സംശയത്തിൽ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആ​രോ​ഗ്യവകുപ്പ് ഡയറക്ടർ കൂട്ടിച്ചേർത്തു. ഇന്നലെ രാവിലെ 11മണിയോടെയാണ് പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് പാമ്പുകടിച്ചതായി പരാതി ഉയർന്നത്. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. രാത്രി ഗായത്രിയുടെ മകൾക്ക് പനിയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു. അതിനിടെ രാവിലെ കുഞ്ഞിൻറെ യൂറിൻ പരിശോധിക്കാൻ ആവശ്യപ്പെട്ടു. തറയിൽ യൂറിൻ വീണു. അത് തുടക്കാൻ ചൂലെടുക്കാൻ പോയ സമയത്താണ് ഗായത്രിയുടെ കയ്യിൽ പാമ്പ് കടിച്ചെന്ന് യുവതി അറിയിച്ചത്.