സാമൂഹ്യ സേവനത്തിലൂടെ പണം സമ്പാദിക്കാൻ അവസരം

സാമൂഹ്യ സേവനത്തിലൂടെ പണം സമ്പാദിക്കാൻ അവസരം. മയക്കുമരുന്ന് കടത്തിൻറെ രഹസ്യവിവരം നൽകുന്നവർക്ക് മുപ്പതിനായിരം രൂപമുതൽ രണ്ടുലക്ഷം രൂപവരെ സർക്കാർ പാരിതോഷികം നൽകും. മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കുമാണ് പാരിതോഷികം ലഭിക്കുക. ഇതിനായി സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപീകരിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽനിന്നുള്ള നിർദേശപ്രകാരമാണ് സമിതി രൂപവത്കരിച്ചത്. തുക സംസ്ഥാന ആഭ്യന്തരവകുപ്പ് നൽകണം. ഇത് പിന്നീട് കേന്ദ്ര നർക്കോട്ടിക് കൺട്രോൾബ്യൂറോയിൽനിന്ന് ലഭിക്കും. പാരിതോഷികം അനുവദിക്കാൻ രണ്ടുതലത്തിൽ സംവിധാനമുണ്ടാകും. വിവരങ്ങൾ പരിശോധിച്ച ജീവനക്കാർക്ക് 30,000 രൂപവരെയും വിവരദായകർക്ക് 60,000 രൂപവരെയും പാരിതോഷികം നൽകാൻ പോലീസ് ആസ്ഥാനത്തെ ഐ.ജി.ക്കാണ് ചുമതല. സംസ്ഥാന ആഭ്യന്തരവകുപ്പിലെ ജോയിൻറ് സെക്രട്ടറി/അഡീഷണൽ സെക്രട്ടറി, പോലീസ് ആസ്ഥാനത്തെ രണ്ട് എ.ഐ.ജി.മാർ എന്നിവർ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ സമിതി. സർക്കാർ ഉദ്യോഗസ്ഥർക്ക് 30,000 രൂപയ്ക്കുമുകളിൽ ഒരുലക്ഷം വരെയും വിവരദായകർക്ക് 60,000-നുമുകളിൽ രണ്ടുലക്ഷം രൂപവരെയുമുള്ള പാരിതോഷികം നൽകുന്നത് ഈ സമിതിയായിരിക്കും. കേന്ദ്ര ചട്ടപ്രകാരം കെമിക്കൽ ലാബിൽനിന്നുള്ള പരിശോധനാ റിപ്പോർട്ട് പോസിറ്റീവാണെങ്കിൽ, മൊത്തം അനുവദനീയമായ റിവാർഡ് തുകയുടെ 50 ശതമാനംവരെ വിചാരണയ്ക്കുമുൻപ്‌ ലഭിക്കും. പിടിച്ചെടുത്ത വസ്തുക്കളുടെ അളവ്, വിവരദാതാവ് നൽകിയ സഹായത്തിന്റെ വ്യാപ്തി, വിവരങ്ങളുടെ കൃത്യത എന്നിവ കണക്കിലെടുത്താണ് പാരിതോഷികം നൽകുക.