മഹാരാഷ്ട്രയിൽ സിക വൈറസ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം പുറത്തിറക്കി. ഗർഭിണികളിൽ പരിശോധന നടത്തി ഗർഭസ്ഥ ശിശുവിന്റെ വളർച്ച നിരീക്ഷിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. ജനവാസ മേഖലകൾ, ജോലിസ്ഥലങ്ങൾ, സ്കൂളുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങൾ അണുമുക്തമാക്കണം. രോഗം ബാധിച്ച ഗർഭിണികളെ പ്രത്യേകം പരിശോധിക്കുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്യും. ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും കൊതുക് മുക്തമാക്കണം. ഇതിനായി നോഡൽ ഓഫിസറെ നിയമിക്കണം. ആളുകളിൽ പരിഭ്രാന്തിയുണ്ടാകാതിരിക്കാൻ സമൂഹമാധ്യമങ്ങൾ വഴിയും മറ്റും പ്രചാരണം നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.