സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കുള്ള സർജിക്കൽ ഉപകരണങ്ങളും മരുന്നു വിതരണവും നിർത്താൻ ആലോചിച്ച് ഹിന്ദുസ്ഥാൻ ലൈഫ്കെയർ ലിമിറ്റഡ്. കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്ത സാഹചര്യത്തിലാണ് ഈ നീക്കം. 44 കോടി 60 ലക്ഷം രൂപയിൽ അധികമാണ് എച്ച്എൽഎൽ കമ്പനിക്ക് സംസ്ഥാന ആരോഗ്യവകുപ്പ് നൽകാനുള്ളത്. അത്യാഹിത വിഭാഗത്തിലെ ചികിത്സ, മെഡിസെപ്, കാരുണ്യ ബനവലന്റ് ഫണ്ട്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇങ്ങനെ വിവിധ പദ്ധതികളിലെ ചികിത്സയ്ക്കായി തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാത്രം മരുന്നും സർജിക്കൽ ഉപകരണങ്ങളും വിതരണം ചെയ്ത ഇനത്തിൽ കോടികളുടെ രൂപയാണ് എച്ച്എൽഎൽ കമ്പനിക്ക് കുടിശ്ശികയായി കിട്ടാനുള്ളത്. കൃത്യമായ കണക്ക് ആശുപത്രി അധികൃതർക്ക് യഥാസമയം നൽകുന്നുണ്ടെങ്കിലും മറുപടി ലഭിക്കുന്നില്ല എന്ന പരാതിയാണ് എച്ച്എൽഎൽ ഉന്നയിക്കുന്നത്. 2018 മുതലുള്ള കുടിശ്ശികയാണ് പലയിടങ്ങളിൽ നിന്നും എച്ച്എൽഎല്ലിന് കിട്ടാനുള്ളത്. കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ എച്ച് എൽ എല്ലിന്റെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു തുടങ്ങി. ഈ ഘട്ടത്തിലാണ് വിതരണം നിർത്തിവയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ആലോചിക്കാൻ എച്ച് എൽ എൽ തീരുമാനിച്ചത്.