തലച്ചോറിനെ കാർന്നു തിന്നുന്ന അമീബിക്ക് മസ്ഥതിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രി

തലച്ചോറിനെ കാർന്നു തിന്നുന്ന അമീബിക്ക് മസ്ഥതിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. അതിനാൽ ചെവിയിൽ പഴുപ്പുള്ള കുട്ടികൾ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.