കാലാവധി തീർന്നതും പല കാരണങ്ങളാൽ ഉപയോഗശൂന്യമായതുമായ ഇംഗ്ലീഷ് മരുന്നുകളുടെ ശാസ്ത്രീയ സംസ്‌കരണത്തിനു മാർഗ്ഗ നിർദ്ദേശങ്ങൾ ഒരുങ്ങുന്നു. അശാസ്ത്രീയ സംസ്കരണം പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണി ഉണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ഫലപ്രദവും ശാസ്ത്രീയവും കർശനവുമായ മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുവാൻ ശ്രമം. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇതനുസരിച്ചുള്ള നിർദേശം ഡ്രഗ്സ് വിഭാഗത്തിന് നൽകിയിട്ടുണ്ട്. മരുന്നുകൾ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനുള്ള മാർഗനിർദേശ രേഖയാണ് തയ്യാറാകുന്നത്. എത്രയും വേഗം ഇത് പ്രസിദ്ധീകരിക്കാനാണ് ശ്രമം. ലോകാരോഗ്യസംഘടനയുടെയും അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയും നിർദേശങ്ങളാണ് അടിസ്ഥാനമാക്കുന്നത്. ബയോ-മെഡിക്കൽ മാലിന്യം സംബന്ധിച്ച് ചട്ടങ്ങളും കൂടി പരിഗണിച്ചായിരിക്കും പുതിയ മാർഗരേഖ നിലവിൽ വരുക. മേഖലയുമായി ബന്ധപ്പെട്ട ഗവേഷകർ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ഇടപെടലാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. മണ്ണിലും വെള്ളത്തിലും വായുവിലുമൊക്കെ കലരുന്ന ഈ രാസമൂലകങ്ങൾ ഭാവിയിൽ അതിഗുരുതര പൊതുജനാരോഗ്യ പ്രതിസന്ധിയുണ്ടാക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.