പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി കർണാടകയിലെ ഭക്ഷ്യസുരക്ഷാവിഭാ​ഗം

പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി കർണാടകയിലെ ഭക്ഷ്യസുരക്ഷാവിഭാ​ഗം. സുരക്ഷാ പരിശോധനയുടെ ഭാ​ഗമായി ശേഖരിച്ച 22% പാനിപൂരി സാമ്പിളുകളും ഉപയോ​ഗയോ​ഗ്യമല്ലെന്നും അധികൃതർ വ്യക്തമാക്കി. 260-ഓളം പാനിപൂരി സാമ്പിളുകൾ ശേഖരിച്ചതിൽ, 41 സാമ്പിളുകളിൽ കൃത്രിമനിറങ്ങളും കാൻസറിന് കാരണമാകുന്ന ഘടകങ്ങളും കണ്ടെത്തിയെന്ന് അധികൃതർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളം വിൽക്കുന്ന പാനിപൂരിയുടെ സുരക്ഷ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്തെ തെരുവോര കച്ചവടശാലകളിൽ നിന്നും വിവിധ റെസ്റ്ററന്റുകളിൽ നിന്നും ശേഖരിച്ച പാനിപൂരികളുടെ സാമ്പിളുകളാണ് സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടത്. പല സാമ്പിളുകളും പഴകിയ നിലയിലും ഉപയോ​ഗിക്കാൻ പറ്റാത്ത വിധവുമായിരുന്നു എന്ന് അധികൃതർ കണ്ടെത്തി. സിന്തറ്റിക് കളറുകൾ അമിതമായി ചേർത്ത ഷവർമകൾ വിറ്റ ഭക്ഷ്യവിൽപന ശാലകൾക്കെതിരെയും അധികൃതർ നടപടിയെടുത്തിട്ടുണ്ട്. പതിനേഴ് ഷവർമ സാമ്പിളുകളിൽ എട്ടെണ്ണത്തിൽ കൃത്രിമനിറങ്ങളുടെ സാന്നിധ്യവും അമിതമായ അളവിൽ ബാക്ടീരിയയും കണ്ടെത്തി. ബ്രില്ല്യന്റ് ബ്ലൂ, സൺസെറ്റ് യെല്ലോ, ടാർട്രാസൈൻ എന്നീ കെമിക്കലുകളും പാനിപൂരി സാമ്പിളുകളിൽ കണ്ടെത്തിയിരുന്നതായി അധികൃതർ വ്യക്തമാക്കി.