നീറ്റ് -യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പട്‌ന എയിംസിലെ മൂന്ന് റസിഡന്റ് ഡോക്ടർമാരെ സി.ബി.ഐ. കസ്റ്റഡിയിലെടുത്തു. ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകിയത് ഇവരാണെന്നാണ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതിനെത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർത്തിയ സംഘവുമായുള്ള ബന്ധവും, ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകിയത് സംബന്ധിച്ചുമുള്ള വിവരങ്ങൾക്കുമായി സി.ബി.ഐ. ഇവരെ വിശദമായി ചോദ്യം ചെയ്യും. ചോദ്യപേപ്പർ ചോർന്നുകിട്ടിയെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചവർക്ക് മാത്രമാണോ ഇവർ ഉത്തരങ്ങൾ എഴുതിനൽകിയത്, അതോ കൂടുതൽപേർക്ക് ഉത്തരങ്ങൾ എഴുതി നൽകിയോ എന്നകാര്യവും സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്. ഡോക്ടർമാരെ കസ്റ്റഡിയിലെടുത്ത സി.ബി.ഐ. സംഘം ഇവർ താമസിച്ചിരുന്ന ഹോസ്റ്റൽ മുറി സീൽ ചെയ്യുകയും ഇവരുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണുകളുമടക്കം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.