കോൺടാക്റ്റ് ലെൻസ് ധരിച്ചതിനെ തുടർന്ന് കോർണിയ തകരാറിലായെന്ന് വെളിപ്പെടുത്തി ബിഗ്ഗ്‌ബോസ്- ടെലിവിഷൻ താരം ജാസ്മിൻ ഭാസിൻ. അടുത്തിടെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാനായി ലെൻസുകൾ ധരിച്ചതോടെയാണ് കണ്ണിന് ഗുരുതരമായ പ്രശ്നം ഉണ്ടായതെന്ന് നടി പറയുന്നു. സ്ഥിരമായി കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്ന വ്യക്തിയാണ് താൻ. എന്നാൽ ജൂലൈ 17-ന് ദില്ലിയിലെ പരിപാടിക്കായി തയാറെടുക്കുമ്പോൾ ലെൻസ് ധരിച്ചതിന് ശേഷം കണ്ണുകൾക്ക് വേദന അനുഭവപ്പെടാൻ തുടങ്ങി, വേദന ക്രമേണ വഷളായി. ഒരു ഡോക്ടറെ സമീപിക്കാൻ തോന്നിയെങ്കിലും, ഏറ്റിരുന്ന പരിപാടി മുഖ്യമായതിനാൽ ഡോക്ടറെ കാണാതെ സൺഗ്ലാസ് ധരിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുത്തു. പക്ഷെ പരിപാടി തുടങ്ങി കുറച്ച് സമയത്തിന് ശേഷം തനിക് ഒന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ശേഷം ഡോക്ടറെ കണ്ടപ്പോഴാണ് കണ്ണിൻറെ കോർണിയയ്ക്ക് സാരമായ പരിക്ക് സംഭവിച്ചത് എന്ന് മനസിലായത് എന്നും താരം പറയുന്നു. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് ജാസ്മിൻ ഇക്കാര്യം പങ്കുവെച്ചത്. കണ്ണുകൾക്ക് ബാൻഡേജ് ഇട്ടുവെന്നും താരം പറയുന്നു. അടുത്ത ദിവസം, മുംബൈയിലെത്തി ചികിത്സ തുടർന്നു. തനിക്ക് ഇപ്പോഴും കണ്ണിൽ നല്ല വേദനഉണ്ടെന്നു താരം പറയുന്നു. ‘ഡോക്ടർമാർ പറയുന്നത് അടുത്ത നാലഞ്ച് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കും എന്നാണ്. അതുവരെ, തനിക്ക് കണ്ണുകളെ നന്നായി പരിപാലിക്കേണ്ടതുണ്ട്, ഒന്നും കാണാൻ കഴിയുന്നില്ല. ഉറങ്ങാൻ പോലും പാടുപെടുകയാണ് എന്നും ജാസ്മിൻ കൂട്ടിച്ചേർത്തു. റെറ്റിനയിൽ ചിത്രങ്ങൾ ഫോക്കസ് ചെയ്യാൻ സഹായിക്കുന്ന കണ്ണിൻറെ മുൻഭാഗത്തെ ക്ലിയർ ടിഷ്യുവാണ് കോർണിയ. ഇതിന് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുന്നത് കാഴ്ചശക്തിയെ തന്നെ ബാധിക്കും.