കേരളത്തിൽ വീണ്ടും നിപ്പ മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനത്തിനു നിർദേശങ്ങളുമായി കേന്ദ്രം

കേരളത്തിൽ വീണ്ടും നിപ്പ മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനത്തിനു നിർദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ കഴിഞ്ഞ 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്രം നിർദേശിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാരിനെ സഹായിക്കാൻ നിയോഗിക്കും. രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നവരെ അടിയന്തരമായി ക്വാറന്റീനിലേക്ക് മാറ്റണമെന്നും നിർദ്ദേശമുണ്ട്. ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയക്കണം. മോണോക്ലോണൽ ആന്റിബോഡി സംസ്ഥാനത്തിന്റെ അഭ്യർഥന പ്രകാരം അയച്ചു നൽകി. 14 വയസ്സ് പ്രായമുളള നിപ്പ രോഗി മരിക്കും മുൻപു മോണോ ക്ലോണൽ ആന്റി ബോഡി എത്തിച്ചിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതി മോശമായതിനാൽ നൽകാനായില്ല. നിപ്പ പ്രതിരോധത്തിനായി മൊബൈൽ ബിഎസ്എൽ 3 ലബോറട്ടറി കോഴിക്കോട് എത്തിച്ചുവെന്നും കേന്ദ്രം വിശദീകരിച്ചു.