ആരോഗ്യമുള്ളവര്‍ മീന്‍ ഗുളികകള്‍ അനാവശ്യമായി കഴിക്കുന്നത്, ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കൂട്ടുമെന്നു പഠനം

ആരോഗ്യമുള്ളവര്‍ മീന്‍ ഗുളികകള്‍ അനാവശ്യമായി കഴിക്കുന്നത്, ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കൂട്ടുമെന്നു പഠനം. യുകെ ബയോബാങ്ക് ആണ് പഠനം നടത്തിയത്. 4 ലക്ഷത്തിൽ അധികം പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. പഠന കാലയളവിൽ ഹൃദ്രോഗമില്ലാതിരുന്നവര്‍ക്ക് നിത്യവുമുള്ള മീന്‍ ഗുളിക ഉപയോഗം മൂലം താളം തെറ്റിയ ഹൃദയമിടിപ്പിനുള്ള സാധ്യത 13 ശതമാനവും, പക്ഷാഘാതത്തിനുള്ള സാധ്യത അഞ്ച് ശതമാനവും വര്‍ദ്ധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. അതേസമയം നേരത്തെ തന്നെ ഹൃദ്രോഗമുള്ളവരില്‍ താളം തെറ്റിയ ഹൃദയമിടിപ്പ് ഹൃദയാഘാതത്തിലേക്ക് പോകാനുള്ള സാധ്യത 15 ശതമാനം കുറയ്ക്കാന്‍ മീന്‍ഗുളികയുടെ നിത്യ ഉപയോഗം സഹായിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമുള്ളവര്‍ മീന്‍ ഗുളിക കഴിക്കുമ്പോള്‍ അവരുടെ ശരീരത്തിലെ ഫാറ്റി ആസിഡുകളുടെ സന്തുലനം തെറ്റുന്നതാകാം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഹൃദ്രോഗ സാധ്യത കുറഞ്ഞവര്‍ക്ക് ഒമേഗ-3 സപ്ലിമെന്റുകളുടെ ആവശ്യമില്ലെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും നിര്‍ദ്ദേശിക്കുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മീന്‍ ഗുളികകള്‍ കഴിക്കുന്നത് ഒഴിവാക്കണം എന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ബിഎംജെ മെഡിസിന്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.