കാസർകോഡ് ചട്ടഞ്ചാലിലെ പൂട്ടിയ ടാറ്റ കൊവിഡ് ആശുപത്രിയുടെ കണ്ടെയ്നറുകൾ സർക്കാർ സ്ഥാപനങ്ങൾക്ക് സൗജന്യമായി നൽകുന്നു. ക്രിട്ടിക്കൽ കെയർ ആശുപത്രിയുടെ സ്ഥിരം കെട്ടിടം നിർമ്മിക്കാനാണ് കണ്ടെയ്നറുകൾ മാറ്റുന്നത്. പ്രീ ഫാബ്രിക്കേറ്റഡ് കണ്ടെയ്നറുകളിലായിരുന്നു ടാറ്റാ കൊവിഡ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. കൊവിഡ് രോഗികൾ ഇല്ലാതായി ആശുപത്രിയുടെ പ്രവർത്തനം നിലച്ചതോടെ ഇവിടെ ക്രിട്ടിക്കൽ കെയർ ആശുപത്രി നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന് ആണ് നടത്തിപ്പ് ചുമതല. ഇതിനായി സ്ഥിരം കെട്ടിടം നിർമ്മിക്കാനാണ് കണ്ടെയ്നറുകൾ മാറ്റുന്നത്. ഇങ്ങനെ മാറ്റുന്നവ സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും സൗജന്യമായി നൽകാനാണ് ജില്ലാ പഞ്ചായത്തിൻറെ തീരുമാനം. കണ്ടെയ്നറുകളിലെ ഷീറ്റുകൾ അഴിച്ചു മാറ്റി കൊണ്ട് പോകാം. ജില്ലാ നിർമ്മിതി കേന്ദ്രം, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ജില്ലാ ടൂറിസം കൗൺസിൽ, ജില്ലാ ഫോറസ്റ്റ് ഓഫീസ്, മത്സ്യഫെഡ് എന്നിവ ഇതിനകം കണ്ടെയ്നറുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെയ്നറുകൾ സ്വന്തം ചെലവിൽ അഴിച്ച് മാറ്റി കൊണ്ട് പോകാനുള്ള അനുമതിയും നൽകിക്കഴിഞ്ഞു. 24 കണ്ടെയ്നറുകളാണ് ആദ്യ ഘട്ടത്തിൽ മാറ്റുന്നത്. 45,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൻറെ നിർമ്മാണം സെപ്റ്റംബറിൽ തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.