അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കൗമാരക്കാരില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനം. ദീര്‍ഘസമയം ഇന്റര്‍നെറ്റില്‍ ചിലവഴിക്കുന്ന കൗമാരക്കാര്‍ക്ക് ദിവസവും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കില്ല. ഹോംവര്‍ക്ക് ചെയ്യുക, ബന്ധുക്കളുമായി സമയം ചെലവഴിക്കുക പോലുള്ള കാര്യങ്ങളില്‍ ഇവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കില്ലെന്നാണ് പഠനം പറയുന്നത്. ഇന്റര്‍നെറ്റ് ആസക്തി കൂടുതലുള്ള കൗമാരക്കാരില്‍ ശ്രദ്ധയുമായും ഓര്‍മയുമായും ബന്ധപ്പെട്ട തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രശ്നങ്ങളുണ്ടാവുമെന്നാണ് കണ്ടെത്തല്‍. ജേണല്‍ ഓഫ് PLOSല്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2012 മുതല്‍ 2022 വരെ ഏകദേശം 237 കൗമാരക്കാരില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഇക്കാര്യം വ്യക്തമായത്. അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധ, ആസൂത്രണം, തീരുമാനമെടുക്കല്‍ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. കൗമാരം ഒരാളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന കാലമായതിനാല്‍ പഠന റിപ്പോര്‍ട്ടിനെ ഗൗരവമായി കാണണമെന്നാണ് ഗവേഷകരുടെ അഭിപ്രായം. ചൂതാട്ടത്തിന് സമാനമായ ആസക്തിയാണ് ഇന്റര്‍നെറ്റ് കൗമാരക്കാരില്‍ ഉണ്ടാക്കുകയെന്നും പഠനം പറയുന്നു.