കേരളം പനിച്ചു വിറയ്ക്കുന്നു

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വലിയ തോതിൽ കൂടുന്നതായി റിപ്പോർട്ട്. ആശുപത്രികളിലെ ഒ.പി.കളിൽ മൂന്നുനാല് ദിവസമായി രോഗികളുടെ തിരക്കാണ്. 13,636 പേരാണ് കഴിഞ്ഞദിവസം സർക്കാർ ആസ്പത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടുതലാണ്. രോഗികൾ കൂടുന്ന സാഹചര്യത്തിൽ പ്രധാന സർക്കാർ ആസ്പത്രികളിൽ പനി വാർഡുകൾ തുറന്നു. മലപ്പുറം, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് വ്യാപനം കൂടുതൽ. ജലദോഷപ്പനി കുട്ടികളിലും വ്യാപകമാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. മഴക്കാലത്ത് കാണാറുള്ള സാധാരണ വൈറൽ പനി കേസുകളാണ് ഭൂരിഭാഗവും. വായുവിലൂടെ പകരുന്നതിനാൽ എളുപ്പത്തിൽ രോഗം വ്യാപിക്കും. എന്നാൽ ഇതിനൊപ്പം കൊതുക് പരത്തുന്ന ഡെങ്കിപ്പനിയും വ്യാപകമാണ്. എല്ലാ ജില്ലകളിലും ഡെങ്കിപ്പനിയുടെ ഭീഷണിയുണ്ട്. എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയും സംസ്ഥാനത്ത് ഉണ്ടെന്നതിനാൽ പനിയുടെ കാരണം കൃത്യമായി തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ ചികിത്സ തേടണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.