ചിക്കൻ, ഫിഷ് കബാബുകളിൽ കൃത്രിമനിറം ചേർക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. പച്ചക്കറികൾ കൊണ്ടുണ്ടാക്കുന്ന കബാബുകളിലും കൃത്രിമനിറം ചേർക്കരുത്. ജനങ്ങളുടെ ആരോഗ്യത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ് കൃത്രിമനിറങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രസ്താവന കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു എക്സിൽ പങ്കുവെച്ചിട്ടുമുണ്ട്. പ്രസ്തുതനിർദേശം മറികടക്കുന്ന ഭക്ഷ്യ നിർമാതാക്കൾക്കെതിരെ ഏഴുവർഷം തടവും പത്തുലക്ഷംരൂപ പിഴയും അടക്കമുള്ള കടുത്ത നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. 2011-ലെ ഭക്ഷ്യസുരക്ഷാനിയമപ്രകാരം കബാബുകളുടെ നിർമാണത്തിൽ ഏതുതരത്തിലുള്ള കൃത്രിമനിറങ്ങളും ഉപയോഗിക്കരുതെന്ന നിർദേശമുണ്ട്.