പുതുച്ചേരിയിൽ മാൻഹോളിൽ നിന്നുള്ള വിഷവായു ശ്വസിച്ച് മൂന്നുപേർ മരിച്ചു. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവാതകം പുറത്തേക്ക് വന്നത്. രണ്ട് സ്ത്രീകളും 15 വയസുള്ള കുട്ടിയുമാണ് മരിച്ചത്. രണ്ടുപേർ ചികിത്സയിലാണ്. രാവിലെ ശുചിമുറി തുറന്നപ്പോൾ വിഷവാതകം പടരുകയായിരുന്നു. സംഭവശേഷം ഈ മേഖലയിലെ വീടുകൾ അധികൃതർ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റെഡ്ഡിപാളയം, പുതുനഗർ മേഖലകളിലെ മുഴുവൻ മാൻഹോളുകളും തുറക്കാൻ അധികാരികൾ നിർദേശം നൽകിയിട്ടുണ്ട്. പുതുനഗർ മേഖലയിലുള്ളവർക്ക് ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്. ജില്ലാ കലക്ടർ, റവന്യൂ ഉദ്യോഗസ്ഥർ, ഫയർഫോഴ്സ്, മെഡിക്കൽ സംഘം എന്നിവർ പ്രദേശത്ത് വിശദ പരിശോധനക്കായി എത്തിയിട്ടുണ്ട്.