മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് സ്ഥിരം അന്വേഷണ സംവിധാനം സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് സ്ഥിരം അന്വേഷണ സംവിധാനം സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനങ്ങൾക്ക് ഈ സംവിധാനത്തെ ആശ്രയിക്കാനും പരാതി അറിയിക്കാനും കഴിയും. ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എം. എൽ. എ എച്ച് സലാം ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം കൂട്ടിച്ചേർത്തത്. ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതിൽ സർക്കാരിനു മുന്നിലെത്തിയ റിപ്പോർട്ടിൽ വസ്തുതകൾ പരിശോധിച്ച് ഡി. എം. ഇയോട് വിശദാംശങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സാധാരണക്കാർ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളാണ് സർക്കാർ ആശുപത്രികൾ. അവിടെ ഗുണനിലവാരമുള്ള ചികിത്സ ലഭിക്കണം. പിഴവുകൾ ഉണ്ടാവാനും പാടില്ല. പിഴവുകൾ സംഭവിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം ഡോക്ടർമാർക്കും നാണക്കേടുണ്ടാക്കുന്ന വിധത്തിൽ വളരെ കുറച്ചു പേർ പ്രവർത്തിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി സഭയെ അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളും മന്ത്രി വിശദീകരിച്ചു.