ഫുട്ബോള്‍ മാത്രമല്ല ബ്ലാസ്റ്റേഴ്സിന് ബാഡ്മിന്റണും വഴങ്ങും

ബ്ലാസ്റ്റേഴ്സസ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ മാത്രമല്ല, ബാഡ്മിന്റണ്‍ കോര്‍ട്ടും കീഴടക്കാനൊരുങ്ങുകയാണ്. എന്നാല്‍ കേരളത്തിനായല്ല ബംഗളൂരുവിനായാണ് ബ്ലാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടീം ഒരുങ്ങുന്നത്. 2016 ജനുവരിയില്‍ നടന്ന പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ബംഗളൂരു ടോപ്ഗണ്‍സിനെ സ്വന്തമാക്കി ‘ബംഗളുരു ബ്ലാസ്‌റ്റേഴ്‌സ്’എന്ന പേരില്‍ അവതരിപ്പിക്കുകയാണ് ടീം മാനേജ്‌മെന്റ്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമുടമകളായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍കറും നടന്മാരായ ചിരഞ്ജീവിയും നാഗാര്‍ജുനയും അല്ലു അര്‍ജുനും തന്നെയാണ് ഈ ടീമിന്റേയും ഉടമകള്‍. ബംഗളുരുവില്‍ നടന്ന ടീം പ്രഖ്യാപന ചടങ്ങില്‍ ഉടമകളായ സചിന്‍ ടെണ്ടുല്‍കര്‍, അല്ലു അര്‍ജുന്‍, നാഗാര്‍ജുന, നിമ്മഗഡ്ഡ പ്രസാദ്, വി. ചാമുണ്ഡേശ്വരനാഥ്, ബാഡ്മിന്റണ്‍ കോച്ച് പുല്ലേല ഗോപിചന്ദ് എന്നിവര്‍ സംസാരിച്ചു.

അഞ്ച് ഇന്ത്യന്‍ താരങ്ങളടങ്ങിയതാണ് ബാഡ്മിന്റണിലെ പത്തംഗ ടീം. ലോക റാങ്കിങ്ങില്‍ നാലാമനും റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവുമായ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സന്‍, മിക്‌സഡ് ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരമായ കൊറിയയില്‍നിന്നുള്ള കൊ സുങ് ഹ്യൂന്‍, പുരുഷ ഡബിള്‍സില്‍ കൊറിയയില്‍നിന്നുള്ള ലോക ഒന്നാം നമ്പര്‍ താരം യൂ യിയോണ്‍ സിയോങ്, വനിത സിംഗ്ള്‍സില്‍ ലോക 12ാം നമ്പര്‍ താരം പോണ്‍ടിപ് (തായ്‌ലന്‍ഡ്), ബൂണ്‍സക് പൊണ്‍സാന (തായ്‌ലന്‍ഡ്), ഇന്ത്യന്‍ താരങ്ങളായ അശ്വിനി പൊന്നപ്പ, സൗരഭ് വര്‍മ, രുത്വിക ശിവാനി ഗദ്ദെ, പ്രണവ് ജെറി ചോപ്ര, സിക്കി റെഡ്ഡി എന്നിവരാണ് ടീമിലെ തെരഞ്ഞെടുക്കപ്പെട്ട പത്തുപേര്‍.

LEAVE A REPLY