യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വർഷം പുതുതായി 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വർഷം പുതുതായി 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം 1000 യോഗ ക്ലബ്ബുകൾ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകൾ ഉണ്ടാകും. ശരാശരി ഒരു യോഗാ ക്ലബ്ബിൽ 25 അംഗങ്ങൾ ഉണ്ടായാൽ 10,000 യോഗ ക്ലബ്ബുകളിലൂടെ 2,50,000 പേർക്ക് യോഗ അഭ്യസിക്കാൻ സാധിക്കും. ഇതിലൂടെ സമൂഹത്തിനുണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് യോഗ. വ്യക്തിയെയും പ്രകൃതിയെയും ഉൾക്കൊള്ളുന്ന ശാസ്ത്രീയമായ യോഗാഭ്യാസത്തിലൂടെ രോഗങ്ങളെ അകറ്റി ശരീരത്തിന് മികച്ച രോഗപ്രതിരോധ ശേഷി കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും സൗജന്യമായി യോഗ അഭ്യസിപ്പിക്കുകയാണ് ഈ സർക്കാർ ലക്ഷ്യമിടുന്നതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.