രാജ്യത്താദ്യമായി രോഗവ്യാപന ശേഷിയില്ലാത്ത നിപ വൈറസ് കണങ്ങൾ വികസിപ്പിച്ച് കേരളത്തിലെ ശാസ്ത്രജ്ഞർ

രാജ്യത്താദ്യമായി രോഗവ്യാപന ശേഷിയില്ലാത്ത നിപ വൈറസ് കണങ്ങൾ വികസിപ്പിച്ച് കേരളത്തിലെ ശാസ്ത്രജ്ഞർ. മരണനിരക്ക് വളരെക്കൂടുതലായ നിപയ്‌ക്കെതിരേ വാക്‌സിൻ കണ്ടുപിടിക്കുന്നതിലേക്കും വൈറസിനെ പ്രതിരോധിക്കുന്ന മോണോക്ലോണൽ ആന്റിബോഡി നിർമിക്കുന്നതിലേക്കും അതു കാര്യക്ഷമമാണോയെന്നു പരിശോധിക്കുന്നതിലേക്കും വഴിതുറക്കാവുന്ന നിർണായക നേട്ടമാണിത്. തിരുവനന്തപുരം തോന്നയ്ക്കലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്. മോണോക്ലോണൽ ആന്റിബോഡി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗവേഷണം നടന്നത്. ബയോസേഫ്റ്റി ലെവൽ-4 ഉള്ള ലാബുകളിലേ നിപ വൈറസ് സംബന്ധിച്ച പഠനങ്ങൾ നടത്താനാകൂ. ഇത് പുണെയിൽ മാത്രമേയുള്ളൂ. ഇത്തരം ലാബുകൾ അധികമില്ലാത്തത് നിപ വൈറസിനെതിരേയുള്ള ആന്റിവൈറൽ മരുന്നുകളുടെയും മോണോക്ലോണൽ ആന്റിബോഡികളുടെയും ഗവേഷണത്തിനു തടസ്സമാണ്. ഇപ്പോൾ വികസിപ്പിച്ച പുതിയ വൈറസ് കണങ്ങൾക്ക് രോഗവ്യാപന ശേഷിയില്ലാത്തതിനാൽ ബയോസേഫ്റ്റി ലെവൽ-2 ഉള്ള ലാബുകളിലും ഗവേഷണം നടത്താമെന്നതാണ് ഏറ്റവുംവലിയ നേട്ടമെന്ന് പഠനത്തിനു നേതൃത്വം നൽകിയ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. മോഹനൻ വലിയവീട്ടിൽ വ്യക്തമാക്കി. ഇതോടെ ഗവേഷണം കൂടുതൽ വ്യാപകമാക്കാനാകും. വൈറസ് കണങ്ങൾ ഉപയോഗിച്ചുള്ള നിപ വാക്‌സിന്റെ വികസനത്തിലേക്കു വഴിതുറക്കുന്നതാകും ഈ ഗവേഷണങ്ങൾ. ഡോ. ആരതി രാജൻ, അനുജ എസ്. നായർ, വിനോദ് സോമൻപിള്ള, ഡോ. ബിനോദ് കുമാർ, ഡോ. അനുപമ ആർ. പൈ, ബിമിതാ ബെന്നി എന്നിവരായിരുന്നു സംഘാംഗങ്ങൾ. രണ്ടുവർഷത്തോളംനീണ്ട പരീക്ഷണങ്ങളാണ് നിപ വൈറസ് ഗവേഷണത്തിനു വലിയ നേട്ടമാകുന്ന കണ്ടെത്തലിലേക്കു നയിച്ചത്. ഇത് സംബന്ധിച്ച പഠനം പ്രശസ്ത രാജ്യാന്തര ജേണലായ സെൽ പ്രെസ് പബ്ലിക്കേഷന്റെ ‘ഹെലിയോണി’ൽ പ്രസിദ്ധീകരിച്ചു.