ഷവറിനു കീഴിൽ ദീർഘസമയം നിന്നുള്ള കുളിയേക്കാൾ നല്ലത് ബക്കറ്റ് വെള്ളത്തിൽ പെട്ടെന്നുള്ള കുളിയാണെന്ന് വിദഗ്ധ

ഷവറിനു കീഴിൽ ദീർഘസമയം നിന്നുള്ള കുളിയേക്കാൾ നല്ലത് ബക്കറ്റ് വെള്ളത്തിൽ പെട്ടെന്നുള്ള കുളിയാണെന്ന് വിദഗ്ധ. ബെം​ഗളൂരു ആസ്ഥാനമായുള്ള ചർമരോ​ഗ വിദ​ഗ്ധ ഡോ. ദിവ്യ ശർമ ആണ് ഇത് സംബന്ധിച്ച് ട്വിറ്റ് ചെയ്തതിരിക്കുന്നത്. സമയം ഏറെയെടുത്തുള്ള കുളി ചർമത്തെ പെട്ടെന്ന് വരണ്ടതാക്കുകയും എക്സിമ ലക്ഷണങ്ങൾ കൂട്ടുകയും ചെയ്യുമെന്ന് ഡോക്ടർ ദിവ്യ വ്യക്തമാക്കി. ഇതിലൂടെ എക്സിമയെ പ്രതിരോധിക്കാം എന്നു മാത്രമല്ല വെള്ളം പാഴാക്കേണ്ടി വരില്ലെന്നും ഡോക്ടർ ദിവ്യ കൂട്ടിച്ചേർത്തു. ചർമത്തിലുണ്ടാകുന്ന ചൊറിച്ചിലോടുകൂടിയ മൊരിച്ചിലാണ് എക്സിമ. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എക്സിമ പകരില്ല. ഏതു പ്രായത്തിലുള്ളവരേയും എക്സിമ ബാധിക്കാം. കുട്ടിക്കാലത്താണ് പൊതുവേ ലക്ഷണങ്ങൾ പ്രകടമാവുക, ഇത് പ്രായപൂർത്തിയാകുംവരെ നീണ്ടുനിൽക്കുകയും ചെയ്യാം. ഡെർമറ്റൈറ്റിസ്, വിവിധ തരത്തിലുള്ള അലർജികൾ ഉള്ളവർ, ആസ്ത്മ രോ​ഗികൾ തുടങ്ങിയവരിൽ എക്സിമ വരാനുള്ള സാധ്യത കൂടുതലാണ്. ചർമത്തിൽ എവിടെയും എക്സിമയുടെ ലക്ഷണങ്ങൾ പ്രകടമാകാം. എങ്കിലും കൈകൾ, കഴുത്ത്, കൈകാൽ മുട്ടുകൾ, കാൽപാദം, കവിളുകൾ, ചെവിക്ക് ചുറ്റും, ചുണ്ടുകൾ, സ്തനം, ലൈം​ഗികാവയവങ്ങൾ എന്നിവയിൽ കൂടുതൽ പ്രകടമാകാം.