ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്–യുജിയുടെ നടത്തിപ്പിൽ 0.001% പിഴവുണ്ടെങ്കിൽ പോലും ഗൗരവത്തോടെ സമീപിക്കണം; സുപ്രീം കോടതി

ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്–യുജിയുടെ നടത്തിപ്പിൽ 0.001% പിഴവുണ്ടെങ്കിൽ പോലും അതിനെ അങ്ങേയറ്റം ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ടെന്നു സുപ്രീം കോടതി നിർദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനും ദേശീയ പരീക്ഷാ ഏജൻസിക്കും കോടതി നോട്ടിസ് അയച്ചു. നീറ്റുമായി ബന്ധപ്പെട്ട മറ്റു ഹർജികൾക്കൊപ്പം ജൂലൈ എട്ടിനു കോടതി ഇതു പരിഗണിക്കും. പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും കോടതി അന്നു പരിഗണിക്കും. എന്തെങ്കിലും പിഴവുണ്ടെങ്കിൽ എൻടിഎ അതു സമ്മതിക്കണമെന്നും നീറ്റ് പരീക്ഷയിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം വീണ്ടെടുക്കാൻ അതിലൂടെ സാധിക്കുമെന്നും കോടതി ഓർമിപ്പിച്ചു. മെഡിക്കൽ പ്രവേശനപരീക്ഷയിൽ ക്രമക്കേട് കാട്ടി ഡോക്ടർമാരാകുന്നവർ സമൂഹത്തിന് ആപത്താണെന്നും കടുത്ത മത്സരമുള്ള പരീക്ഷ ജയിക്കാൻ വിദ്യാർഥികൾ നടത്തുന്ന കഠിനാധ്വാനത്തെക്കുറിച്ചു നല്ല ധാരണയുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം നീറ്റ് ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ബിഹാർ പൊലീസ് 9 വിദ്യാർഥികളെ ഇന്നു ചോദ്യം ചെയ്യും. 60 പേരെ ഇതിനകം ചോദ്യം ചെയ്തെന്നും 13 പേരെ അറസ്റ്റ് ചെയ്തെന്നും കേസ് അന്വേഷിക്കുന്ന ബിഹാർ ഇക്കണോമിക് ഒഫൻസ് യൂണിറ്റ് വ്യക്തമാക്കി.