മുംബൈയിൽ ഐസ് ക്രീമിൽ മനുഷ്യ വിരലിന്റെ ഭാ​ഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം പുറത്ത്

മുംബൈയിൽ ഐസ് ക്രീമിൽ മനുഷ്യ വിരലിന്റെ ഭാ​ഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം പുറത്ത്. ഐസ് ക്രീം തയ്യാറാക്കിയ പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലിന്റെ ഭാ​ഗങ്ങളാണ്‌ ഇതെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള ഡിഎൻഎ റിപ്പോർട്ടിൽ ഫാക്ടറി ജീവനക്കാരനായ ഓംകാർ പോട്ടെയുടെ രക്തസാമ്പിളുമായി വിരൽത്തുമ്പ് പൊരുത്തപ്പെട്ടതായി സ്ഥിരീകരിച്ചെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ജീവനക്കാരൻ ഐസ്‌ക്രീം ബോക്‌സിൻ്റെ മൂടി വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ വിരൽ മെഷീനിൽ കുടുങ്ങിയതാകാം എന്നും, ക്വാളിറ്റി പരിശോധന നടത്താൻ ചുമതലപ്പെടുത്തിയ വ്യക്തിയെ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. ജൂൺ 12നാണ് മലാഡ് ആസ്ഥാനമായുള്ള ഡോക്ടർ ബ്രണ്ടൻ ഫെറാവോ എന്നയാൾ ഡെലിവറി ആപ്പ് വഴി മൂന്ന് ഐസ്ക്രീമുകൾ ഓർഡർ ചെയ്തത്. ഇതിലൊന്നിലാണ് മനുഷ്യ വിരലിന്റെ ഭാ​ഗം കണ്ടെത്തിയത്.