സ്റ്റിഫ് പേഴ്സൺ സിൻഡ്രോം എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നു പറഞ്ഞു കനേഡിയൻ ഗായിക സെലിൻ മേരി ഡിയോൺ. പത്തുലക്ഷത്തിൽ ഒരാളെ ബാധിക്കാവുന്ന അത്യപൂർവമായി കാണപ്പെടുന്ന ഓട്ടോഇമ്മ്യൂൺ ന്യൂറോളജിക്കൽ ഡിസോർഡറാണ് താരത്തെ ബാധിച്ചിരുന്നത്. പതിനേഴ് വർഷത്തോളമായി ഈ രോഗം തിരിച്ചറിയാതെയും സ്ഥിരീകരിക്കാതെയുമാണ് കടന്നുപോയതെന്നും താരം പറയുന്നു. രണ്ടായിരത്തിന്റെ പകുതിയോടെയാണ് തനിക്ക് ലക്ഷണങ്ങൾ കണ്ടുതുടങ്ങിത്. പേശീസങ്കോചം, ശ്വാസമെടുക്കാനും പാട്ടുപാടാനുമുള്ള ബുദ്ധിമുട്ട് തുടങ്ങിയവാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ശരീരമാസകലം വേദനകൊണ്ട് പുളയാറുമുണ്ട്. ചൂടുവെള്ളത്തിൽ കുളിക്കുന്നതു മുതൽ, ഓവർ ദി കൗണ്ടർ മരുന്നുകൾ വാങ്ങിയും ഇ.എൻ.ടി. ഡോക്ടർ, ഒഫ്താൽമോളജിസ്റ്റ് തുടങ്ങിയവരെ കണ്ടെങ്കിലും രോഗശമനമുണ്ടായില്ല. വൈകിയാണെങ്കിലും രോഗസ്ഥിരീകരണം നടത്തിയതിനുപിന്നാലെ വേണ്ട ചികിത്സകൾ ചെയ്തതോടെ മാറ്റമുണ്ടായെന്നും താരം പറയുന്നുണ്ട്. നിലവിൽ താൻ സന്തുഷ്ടയാണെന്നും താരം കൂട്ടിച്ചേർത്തു.