ജോലിക്കിടെ പരുക്കേറ്റ തൊഴിലാളിക്ക് സ്വന്തം താൽപര്യമനുസരിച്ചുള്ള ആശുപത്രിയിൽ ചികിത്സ തേടാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. മികച്ച ചികിത്സ കിട്ടുന്ന ആശുപത്രിയിൽ പോകുന്നതിനു പകരം സ്ഥാപനത്തിന്റെ പട്ടികയിൽപെട്ട ആശുപത്രിയിൽ ചികിത്സ തേടണമെന്നു പറയുന്നത് മനുഷ്യത്വപരമല്ലെന്നു ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി. എഫ്സിഐയിലെ ചുമട്ടുതൊഴിലാളിയായ രാജീവന് 2014 ഡിസംബർ 8നു ജോലിക്കിടെ അപകടത്തിൽപെട്ട് നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റിരുന്നു. പയ്യോളി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിലായിരുന്നു രാജീവിന്റെ ചികിത്സ നടത്തിയത്. എഫ്സിഐയുടെ സർക്കുലർ പ്രകാരം ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ ചെലവ് അനുവദിക്കാനാവില്ലെന്ന് എഫ്സിഐ വാദിച്ചു. എന്നാൽ ജോലിക്കിടെ പരുക്കേറ്റ തൊഴിലാളി ജോലി സ്ഥാപനത്തിന്റെ ലിസ്റ്റിൽപെടാത്ത ആശുപത്രിയിലാണു ചികിത്സ തേടിയതെന്ന് എഫ്സിഐ തർക്കം ഉന്നയിക്കുന്നതു പ്രഥമദൃഷ്ട്യാ സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി.