ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാൻ എറണാകുളത്ത് പൊതുജനാരോഗ്യ നിയമം കർശനമാക്കും എന്ന് ജില്ലാ ആരോഗ്യവകുപ്പ്

ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാൻ എറണാകുളത്ത് പൊതുജനാരോഗ്യ നിയമം കർശനമാക്കും എന്ന് ജില്ലാ ആരോഗ്യവകുപ്പ്. വർധിച്ചുവരുന്ന ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാനാണ് നടപടി. മേയ് മാസം മൂന്നാം ആഴ്ച്ച മുതൽ പിഴയോടുകൂടി നിയമം നടപ്പിലാക്കിത്തുടങ്ങും. ഈ വർഷം 771 ഡെങ്കി കേസുകളാണ് എറണാകുളം ജില്ലയിൽ ഉണ്ടായത്. 2261 സംശയിക്കപ്പെടുന്ന കേസുകളും, ഡെങ്കി സംശയിക്കുന്ന അഞ്ച് മരണങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, ആലുവ, അങ്കമാലി, മരട് മുനിസിപ്പാലിറ്റികളിലും കൊച്ചിൻ കോർപ്പറേഷനിലെ വടുതല ഈസ്റ്റ്, പച്ചാളം, തട്ടാഴം, മട്ടാഞ്ചേരി, മങ്ങാട്ടുമുക്ക് പ്രദേശങ്ങളിലും ചൂർണിക്കര, എടത്തല, കടുങ്ങല്ലൂർ, കീഴ്മാട്, വെങ്ങോല, അയ്യമ്പുഴ പഞ്ചായത്തുകളിലുമാണ് ഈ വർഷം ഏറ്റവും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊതുക് നിയന്ത്രണ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് പൊതുജനാരോഗ്യനിയമം 2023-ലെ വിവിധ വകുപ്പുകൾ പ്രകാരം 10,000/- രൂപ വരെ പിഴ ഈടാക്കുന്ന ശിക്ഷ ലഭിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.