ക്ഷയരോഗവും പോഷകാഹാരക്കുറവും തമ്മിൽ ബന്ധമുള്ളതായി പഠന റിപ്പോർട്ട്. രാജ്യത്തെ ക്ഷയരോഗത്തിന്റെ 34 ശതമാനവും പോഷകാഹാര കുറവ് മൂലമാണെന്ന് പഠനം വ്യക്തമാക്കുന്നു. തമിഴ്നാട് പൊതുജനാരോഗ്യ വകുപ്പിന്റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ ഗവേഷണ വിഭാഗത്തിലെ ഹേമന്ത് ദീപക് ഷെവാദാണ് പഠനം നടത്തിയത്. ഗുരുതരമായി ക്ഷയരോഗം ബാധിച്ചവർക്ക് മികച്ച പോഷാകാഹാരവും കിടത്തിച്ചികിത്സയും അനിവാര്യമാണെന്നും പഠനം നിർദേശിക്കുന്നു. ഇതിനായി മെഡിക്കൽ കോളേജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും മികച്ച പോഷകാഹാര ലഭ്യത ഉറപ്പാക്കണം. ക്ഷയരോഗം ചികിത്സിക്കുന്ന ഡോക്ടർമാർക്ക് പ്രത്യേക പരിശീലനവും നൽകേണ്ടതുണ്ടെന്നും പഠനത്തിലുണ്ട്. ക്ഷയരോഗം ബാധിച്ച മുതിർന്നവരിൽ 25 ശതമാനം പേർക്കും ഗവേഷകർ കടുത്ത പോഷകാഹാരക്കുറവുണ്ടായതായും പഠനത്തിൽ കണ്ടെത്തി. ക്ഷയരോഗികൾക്കിടയിലെ വളരെ ഗുരുതരമായ പോഷകാഹാരക്കുറവ് പരിഹരിക്കാൻ പ്രത്യേകം ഭക്ഷണക്രമം ഏർപ്പെടുത്തണമെന്നും പഠനറിപ്പോർട്ട് ശുപാർശ ചെയ്യുന്നു.