വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത വ്യാപനം തടയാൻ അടിയന്തര നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ മന്ത്രി വീണ ജോർജിനെ നേരിൽ സന്ദർശിച്ച് നിവേദനം നൽകി. 170 കുടുംബങ്ങളിലായി 219 പേരാണ് ഹെപ്പറ്റൈറ്റിസ് എ പിടിപെട്ട് ചികിത്സയിൽ കഴിയുന്നത്. ഇതിനിടെ രണ്ടുപേർ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം, ചികിത്സയിൽ കഴിയുന്നവർക്ക് ചികിത്സാ സഹായവും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും നൽകുക, മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷാനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളതെന്ന് വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. തൂങ്ങാലി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ളവർക്കും രോഗബാധിത കുടുംബങ്ങൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരുമായി കൂടിയാലോചിച്ച് സർക്കാർ തലത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ ഏകോപിപ്പിച്ച് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അടുത്ത ദിവസം തന്നെ വേങ്ങൂരിൽ നേരിട്ട് എത്താം എന്നും മന്ത്രി ജനപ്രതിനിധികൾക്ക് ഉറപ്പുനൽകി. പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത വ്യാപനം ഒരുമാസം പിന്നിടുമ്പോൾ, 219 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.