കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കലക്ടർക്കെതിരെ നടപടിയില്ല

കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവത്തിൽ തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിനെതിരെ നടപടിയുണ്ടാകില്ലെന്ന് സർക്കാർ. ഡോക്ടറും സർവീസ് സംഘടനയുമാണ് സംഭവം വിവാദമാക്കിയതെന്നാണ് സർക്കാർ വിലയിരുത്തൽ. കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്കു വിളിച്ചു വരുത്തിയതിൽ കലക്ടർക്കു തെറ്റു പറ്റിയിട്ടില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. കലക്ടറുടെ ഔദ്യോഗിക തിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒപിയിലെ തിരക്ക് മാറ്റിവയ്ക്കാവുന്നതാണ്‌. അഖിലേന്ത്യാ സർവീസ് ചട്ടം പ്രകാരം അഖിലേന്ത്യാ സിവിൽ സർവീസ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും താമസ സ്ഥലത്തെത്തി ചികിത്സ നൽകണം എന്നുണ്ട്. രോഗിയുടെ ചികിത്സ പരസ്യപ്പെടുത്തിയ ഡോക്ടർ കുറ്റക്കാരനാണെന്നും ഐഎഎസ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടിനെ ആശ്രയിച്ചായിരിക്കും ഡോക്ടർക്കെതിരെയുള്ള നടപടിയിൽ തീരുമാനമെന്നാണ് വിവരം.